കുറിയൻ രചിച്ച ജീവചരിത്രങ്ങൾ
Part I: സ്ത്രീധനം മഹാദാ(ധ)നം
(ചെറുകഥ/ നിരീക്ഷണം by Jereesh )
പേരിടീൽ ചടങ്ങ് കഴിയാത്തത് കൊണ്ട്, സോമൻറെ മക്കളുടെ പേര് ഇപ്പൊ പറയാൻ പറ്റില്ല. രണ്ട് ആണ്‍കുട്ടികൾ. സോമന് ഇതിൽപ്പരം ഭാഗ്യം ഇനി എന്ത് വേണം? 27-ഓ, 28-ഓ വർഷം കഴിയുമ്പൊ Draft മാറാവുന്ന രണ്ട് എമണ്ടൻ Fixed deposits. ഇടക്ക് വല്ല തട്ടുകേടും വന്നു തട്ടിപോവാതിരിക്ക്യാൻ ഒരു മൃത്യുംജയ ഹോമമോ, അടുപ്പൂട്ടി പള്ളിയിലേക്ക് ഒരു കൂട് മെഴുകുതിരിയോ നേർച്ച നേർന്നാ മതി. എങ്ങനെ വന്നാലും ഇതിൻറെയെല്ലാം ചെലവ്, ചില രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ വിജയം പോലെ 2 അക്കം കടക്കാൻ സാധ്യതയില്ല.
ഇതാണ് സോമൻ... വയസ്സ് 31. വലിയ ഉദ്യോഗം. അതിനനുസരിച്ചുള്ള സ്ത്രീധനവും കിട്ടിയിട്ടുണ്ട്. ആളുകളുടെ അഭിപ്രായത്തിൽ സോമൻറെ ഭാര്യ രാഗിണിയുടെ കനത്തിനനുസരിച്ചുള്ള സ്ത്രീധനം. രണ്ടു overweight തന്നെ.
"സ്ത്രീധനം" സിനിമ കണ്ടു പൊട്ടി പൊട്ടികരഞ്ഞ അമ്മയിൽ നിന്നാണ്, സിനിമ വേറെ ജീവിതം വേറെ എന്ന മഹാതത്വം, സോമൻ ആദ്യമായി മനസിലാക്കുന്നത്. ചന്തയിലെ വിലപ്പേശൽ നൈപുണ്യം, സോമൻറെ അമ്മ സുമതി പുറത്തെടുത്തത് വിവാഹക്കമ്പോളത്തിലാണ്. അത് കൊണ്ടെന്താ? നന്നായി കാറ്റ് നിറച്ച നാല് ചക്രമുള്ള വലിയ ഒരു വണ്ടിയല്ലേ സ്ത്രീധനമായി കിട്ടിയത്. പക്ഷെ കാറ്റ് പോയത് സോമൻറെ പുരുഷ-മേധാവിത്വത്തിനാണെന്നു മാത്രം. കറിയിൽ ഉപ്പു കുറഞ്ഞെന്നോ, എരിവു കൂടുതൽ വേണമെന്നോ പറഞ്ഞാ... അഞ്ചാറ് തവണയായി അക്കൗണ്ട്-ൽ നിന്ന് വലിച്ച തുകയുടെ അക്കങ്ങള നിരത്തും, രാഗിണി. നാല് ചക്രത്തിനു പകരം രണ്ടു ചക്രമുള്ള bike സ്ത്രീധനം വാങ്ങിയവരെ, നിങ്ങൾ ഭാഗ്യവാന്മാർ. നിങ്ങൾക്ക് അത്രയും കാറ്റല്ലേ പോവൂ.
വിപ്ലവം മൂത്ത് തലമുടി വളർന്ന, ഒരു കോളേജ് കാലം സോമനുമുണ്ടായിരുന്നു. മെല്ലിച്ചുണങ്ങിയ ശരീരം പുഷ്ട്ടിപ്പെടുത്താൻ Horlicks-ഓ Complan-ഓ വാങ്ങാൻ കഴിയാത്ത ഒരു കാലം. ആഗ്രഹങ്ങൾ പറഞ്ഞാ "നിൻറെ അമ്മയുടെ (ശുദ്ധമായ അമ്മ വിളിയാണെന്ന് വായനക്കാർ പ്രത്യേകം ഓർക്കുമല്ലോ) വീട്ടിൽ നിന്ന് സ്ത്രീധനം കൊണ്ട് വന്നു വെച്ചിട്ടുണ്ടോ, ചോദിക്ക്യുമ്പോ, ചോദിക്ക്യുമ്പോ എടുത്തു തരാൻ", അച്ഛൻറെ ഈ സ്ഥിരം dialogue, സോമൻറെ അമ്മയിലെ അപകർഷത കൂട്ടി. അടിച്ചമർത്തപ്പെട്ട സ്ത്രീവർഗ്ഗം. നാളെ വന്നു കേറുന്ന പെണ്‍കുട്ടിക്ക് തൻറെ ഗതി വരരുതെന്ന് വിചാരിച്ച് ... ബന്ധുക്കളുടെ മുമ്പിൽ താനും മരുമോളും തല ഉയർത്തി നിക്കണം എന്ന് വിചാരിച്ച് , സുമതി നടത്തിയ വിലപ്പേശലുകൾ സ്ത്രീ വർഗ്ഗത്തോട് തന്നെയുള്ള ഒരു പ്രതികാരമായിപ്പോയോ എന്നൊരു സംശയം.
ക്ഷമിക്കണം. നമ്മൾ കഥയിൽ നിന്ന് വിട്ടുപോയി. അങ്ങനെ മുടി വളർത്തി, അലക്കിത്തേച്ച മുണ്ടും, ജൂബ്ബയും ഇട്ട് , ബുദ്ധിജീവിയായി-കണ്ടാൽ ഏതോ ജീവിയാണെന്നു തോന്നിപ്പിക്ക്യുന്ന ഒരു കാലം. ക്ലാസ്സ് മുറിയിലെ നാല് ചുമരുകളും പ്രകമ്പനം കൊണ്ടത്, സോമന്റെ അനർഗനിർഗളമായ വാക്ച്ചാതുര്യം കൊണ്ടാണ്. അന്നത്തെ ആ ഘോരഘോര പ്രസംഗത്തിൻറെ ഒരു ചുരുക്കം, സസന്തോഷം ഞാനിവിടെ കുറിക്ക്യട്ടെ:
"യഥാർത്ഥത്തിൽ സ്ത്രീയല്ല ഇവിടെ വില്പ്പനച്ചരക്കാവുന്നത്, പുരുഷനാണ്... ഇവിടെ പണം കൊടുത്ത് സ്ത്രീകൾ പുരുഷനെ വാങ്ങുകയാണ്. അതാണ് സ്ത്രീധനം. നമ്മൾ പുരുഷന്മാർ അത്തരത്തിൽ ഒരു വില്പ്പനച്ചരക്കായി തരംത്താഴണമോ എന്ന് ചിന്തിക്കേണ്ടിയിരിക്ക്യുന്നു."
സത്യം പറയണമല്ലോ, അന്ന് കയ്യടി മുഴുവനും വാങ്ങിയത് പിഷാരടിയാണ്. "സ്ത്രീ തന്നെയാണ് ധനം. സ്ത്രീയെ വാങ്ങേണ്ടത് ധനം കൊണ്ടല്ല, സ്നേഹം കൊണ്ടാണ്"... "കിടിലം, കിടിലം" വലിയൊരു വിഭാഗം പെണ്‍കുട്ടികളും, പിഷാരടിയെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. എന്ത് ചെയ്യാം... സ്ത്രീധനം വേണ്ട എന്ന് പറഞ്ഞു പിന്നാലെ നടന്നിട്ടും, ജോലിയും കൂലിയും ഇല്ലാത്ത പിഷാരടിയുടെ സ്നേഹം ആർക്കും വേണ്ടായിരുന്നു. കയ്യടിച്ച പെണ്‍കുട്ടികൾക്ക് പോലും. അത് അങ്ങനെയാണ്... കുറഞ്ഞ സ്ത്രീധനത്തിൽ "നല്ല പയ്യൻ" (നല്ല ജോലി, വിദ്യാഭ്യാസം, സുന്ദരൻ, സുശീലൻ ), ഈ package-മായി വരുന്ന ദല്ലാളന്മാർക്കല്ലേ എന്നും demand. പക്ഷേ, കൂടുതൽ സ്ത്രീധനത്തിൽ "നല്ല ഒരു പെണ്ണ്" എന്നെങ്ങാനും ഒരു ആണ്‍കുട്ടി പറഞ്ഞാ... മഹാപരാധമായി... അവനു നരകം ഉറപ്പാണ്.
സത്യം പറയണമല്ലോ, അന്ന് കയ്യടി മുഴുവനും വാങ്ങിയത് പിഷാരടിയാണ്. "സ്ത്രീ തന്നെയാണ് ധനം. സ്ത്രീയെ വാങ്ങേണ്ടത് ധനം കൊണ്ടല്ല, സ്നേഹം കൊണ്ടാണ്"... "കിടിലം, കിടിലം" വലിയൊരു വിഭാഗം പെണ്‍കുട്ടികളും, പിഷാരടിയെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. എന്ത് ചെയ്യാം... സ്ത്രീധനം വേണ്ട എന്ന് പറഞ്ഞു പിന്നാലെ നടന്നിട്ടും, ജോലിയും കൂലിയും ഇല്ലാത്ത പിഷാരടിയുടെ സ്നേഹം ആർക്കും വേണ്ടായിരുന്നു. കയ്യടിച്ച പെണ്‍കുട്ടികൾക്ക് പോലും. അത് അങ്ങനെയാണ്... കുറഞ്ഞ സ്ത്രീധനത്തിൽ "നല്ല പയ്യൻ" (നല്ല ജോലി, വിദ്യാഭ്യാസം, സുന്ദരൻ, സുശീലൻ ), ഈ package-മായി വരുന്ന ദല്ലാളന്മാർക്കല്ലേ എന്നും demand. പക്ഷേ, കൂടുതൽ സ്ത്രീധനത്തിൽ "നല്ല ഒരു പെണ്ണ്" എന്നെങ്ങാനും ഒരു ആണ്‍കുട്ടി പറഞ്ഞാ... മഹാപരാധമായി... അവനു നരകം ഉറപ്പാണ്.
ആ debate-ൽ, സ്ത്രീധനം ഒരു നല്ല സബ്രധായമാണെന്ന് വാദിക്ക്യാൻ ചില സുന്ദരികളുമുണ്ടായിരുന്നു. അതിൽ ലീന കുരിയാക്കോസ് ആയിരുന്നു സോമന്റെ എതിരാളി. സ്ത്രീധനം കൊടുക്കുക വഴി ഭർത്താവിൻറെ വീട്ടിൽ കുറച്ചു നിലയും വിലയും ഉറപ്പിക്ക്യാം, വേണമെങ്കിൽ അമമായിയമ്മയോടുള്ള പ്രതികരണ ശേഷി, സ്ത്രീധനത്തിന്റെ അനുപാതത്തിനനുസരിച്ചാക്കാം, എന്ന ഒരു പുതിയ സൂത്രവാക്ക്യവും, ലീനയുടെതായിരുന്നു. എന്തായാലും ലീനയുടെ ജീവിതം പിന്നീട് എങ്ങനെ ആയി എന്ന് ദൈവത്തിന് മാത്രം അറിയാം...
പ്രണയം, അത് ആർക്കും വരാം. സ്വന്തം രൂപമോ, സാമ്പത്തികമോ, എന്തിനു വായ്നാറ്റം പോലും അതിനെതിരാവാറില്ല. എതിർലിംഗത്തെ കാണുമ്പോ കണ്ണിൽ പൂത്തിരി വിരിയുന്നുണ്ടോ എന്നാൽ നിങ്ങൾക്കും അത് പിടിപ്പെടാം. പക്ഷെ സോമന്റെ പടക്കകമ്പനിക്കാരൻ ചതിച്ചു. പൂത്തിരി കത്തി കത്തി അവസാനം പടക്കം പോലെ പൊട്ടി. പൊട്ടി വിടർന്ന അമിട്ടിൽ ചിതറിത്തെറിച്ച അക്ഷരങ്ങള കൂട്ടി വായിച്ചാൽ അത് ഇങ്ങനെയായിരുന്നു-"സ്ത്രീധനം". സമാന മനസ്ക്കരായ മറ്റു വിദ്ധ്യാർത്ഥികളും സോമന്റെ കൂടെ ചേർന്നു. പ്രണയത്തിനു വില്ലൻ "ജാതിയും, മതവും" മാത്രമാണെന്ന ധാരണ പൊളിച്ചെഴുതണം. പിന്നീടങ്ങോട്ടു സെമിനാറുകൾ, സിമ്പോസിയങ്ങൾ. എല്ലാം സ്ത്രീപക്ഷ വിചാരത്തിൽ നടത്തിയ സ്ത്രീധന നിരോധന പ്രക്ഷോഭങ്ങൾ. പ്രസംഗിച്ചവരിൽ പലരും സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ചവർ.
സോമന്റെ ജീവിതത്തിൽ ചില ഒളിഞ്ഞു നോട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് ഇത് പോലെ പ്രസംഗിച്ച ഒരു പുരുഷക്കേസരിയുടെ വീട്ടിലേക്ക്യായിരുന്നു. സംശയിക്കേണ്ട, കണ്ട കാഴ്ച മറ്റൊന്നുമല്ല. ഭാര്യയും, ഭാർത്താവും തമിലുള്ള പൊരിഞ്ഞ അടി. പക്ഷെ സോമന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒരു ഡയലോഗ് അന്നവിടെ സംഭവിച്ചു: "ഒരു തരി സ്ത്രീധനം വാങ്ങാതെയാണ് നിന്നെ ഞാൻ കെട്ടീത്. എന്നിട്ടും നിനക്കെന്നെ അനുസരിക്ക്യാൻ പറ്റില്ല അല്ലെ?". അതെ സ്ത്രീധനം വാങ്ങാതിരിക്ക്യുന്നതും പുരുഷന്റെ സ്വകാര്യമായ ഒരു അഹങ്കാരമാണ്. സ്ത്രീവർഗ്ഗത്തോട് ചെയ്യുന്ന ഒരു ഉധാരമനസ്ക്കത, അല്ലെങ്കിൽ അവരെ ചൊൽപ്പടിക്ക് നിർത്താനുള്ള ഉള്ള ആയുധം. കുറഞ്ഞ പക്ഷം, നാലാളുടെ മുമ്പിൽ ഞെളിഞ്ഞു നിന്ന് പറയുകയെങ്കിലും ചെയ്യാനുള്ള ഒരു അവസരം...
ഇങ്ങനെയൊക്കെയാണെങ്കിലും സോമന് അടിപതറിയത് 29- വയസിൽ വിവാഹപ്പ്രായം എത്തി എന്ന് മാതപിതാക്കൾക്ക് തോന്നിയപ്പോഴാണ്. സ്ത്രീധനത്തിന് പല ഫോർമുലാസും ഉണ്ടെന്നു മനസിലാക്കിയത് അന്നാണ്. ഉയർന്ന ഉദ്യോഗമാണെങ്കിൽ കൂടും, അതും ഏരിയ തിരിച്ചു വ്യതാസപ്പെടാം. പതിന്നാലു ജില്ലകൾ എന്ന് പറഞ്ഞാ ചില്ലറ ഏരിയ ആണോ? പിന്നെ നിറം, വണ്ണം, കോങ്കണ്ണ്‍, മുടന്ത്, ഓടിപ്പോക്ക്, അങ്ങനെ രാമാനുജനെ പോലും തോൽപ്പിക്ക്യുന്ന സങ്കീർണമായ കണക്കുക്കൂട്ടലുകൾ. അപ്പൊ പാവം സോമന്റെ കാര്യം പറയാനുണ്ടോ. എല്ലാ വിപ്ലവവും ഒരു മുടിവെട്ടിലൂടെ ഉരിഞ്ഞിട്ട്, സമൂഹത്തിന്റെ യന്ത്രത്തിലെ ഒരു തിരിച്ചക്രമായി സോമനും കയറി നിന്നു. എല്ലാവർക്കും ആഹ്ലാദം. വഴി തെറ്റിപ്പോയ കുഞ്ഞടിതാ തിരിച്ചു വന്നിരിക്ക്യുന്നു.
ആ സോമനാണ് ഇന്ന് പല്ലില്ലാതെ ചിരിക്ക്യുന്ന ഇരട്ടകുട്ടികളുടെ അച്ഛനായി ഇവിടെ നിക്കുന്നത്. അയാൾ അവരുടെ കണ്ണുകളിൽ തിരഞ്ഞത് എന്തെങ്കിലും പൂത്തിരി കത്തുന്നുണ്ടോ എന്നാണ്. അങ്ങനെ കത്തുന്നുണ്ടെങ്കിൽ, ആ പഴയ പടക്കകച്ചവടക്കാരനെ കണ്ടുപ്പിടിക്കണം. വന്നു കയറിയ ഭാഗ്യമല്ലേ ചുമ്മാ വിട്ടു കളയാൻ പറ്റോ? സോമന്റെ മനസ്സിൽ ഇന്ന് ഒരു ചിന്താവിഷയമെ ഉള്ളു അതാണ്: "സ്ത്രീധനം മഹാദാ(ധ)നം". നാളെയും ഇതേ ചിന്താവിഷയം തന്നെ.
വാൽക്കഷണം: വേണമെന്ന് പറയുന്നവനും, വേണ്ടെന്നു പറയുന്നവനും, ചില സമയത്ത് ഒരു തുലാസ്സിൽ വരും. കൊടുക്കുന്നവനും, വാങ്ങുന്നവനും, കൊടുക്കാത്തവനും, വാങ്ങാത്തവനും ഒരു പോലെ ഉപയോഗിക്ക്യാവുന്ന ഒരു ആയുധമാണ് സ്ത്രീധനം. (ശരിക്ക്യും വഴി തെറ്റിയ കുഞ്ഞാടുകളെ നിങ്ങൾക്ക് എൻറെ അഭിവാദ്യങ്ങൾ).
-ശുഭം-
അടുത്ത ലക്കം Part II - "തീവ്രവാദി"
No comments:
Post a Comment